KeralaNEWS

അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിൻറെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

ദില്ലി: അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ തെളിവ് എവിടെയെന്ന് ദിഗ് വിജയ് സിംഗും ചോദിച്ചു. ബിജെപി നേരത്തെ വലിയ പ്രചാരമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിൽ പര്യടനം തുടരുകയാണ്. സാമ്പയിലെ വിജയ്പൂരിൽ നിന്നാരംഭിച്ച പര്യടനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ കാറിൽ സ്ഫോടനമുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിലെ ചില മേഖലകളിലൂടെ ബസിലായിരിക്കും രാഹുൽ സഞ്ചരിക്കുക. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജമ്മുകശ്മീരിൽ കോൺഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്ന പ്രസ്താവനകൾക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് കോണ്‍ഗ്രസിന്‍റെ ശീലമായെന്നും ബിജെപി പ്രതികരിച്ചു.

Back to top button
error: