KeralaNEWS

സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു… കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനു വേണ്ടി ആനപ്രേമികൾ രം​ഗത്ത്

പത്തനംതിട്ട: ധോണിയിൽ പിടി സെവനെ തളയ്ക്കാൻ മുമ്പിലുണ്ടായിരുന്ന കുംകി ആന സുരേന്ദ്രനെ കോന്നി ആനക്കൂട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കാലത്ത് കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനെ പരിശീലനത്തിനെന്ന പേരിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. അന്ന് തന്നെ ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിടി സെവനെ പിടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വാർത്തകളിൽ നിറഞ്ഞ സുരേന്ദ്രനെ കോന്നി ആനക്കൂട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് ആനപ്രേമികൾ വീണ്ടും ആവശ്യപ്പെടുന്നത്.

കരുത്തനായ കുംകി ആനയാണ് സുരേന്ദ്രൻ. ലക്ഷണം കൊണ്ടും അഴക് കൊണ്ടും ഗജരാജൻമാരിൽ നിന്നും വ്യത്യസ്തൻ. ആരാധകരുടെ പ്രിയങ്കരനുമാണ്. ഇന്ന് വനം വകുപ്പിന്റെ പത്ത് കുംകി ആനകളുടെ പട്ടികയിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടിക്കാനും തുരത്താനും ഒന്നാം പേരുകാരനാണ് സുരേന്ദ്രൻ. കുംകി പരിശീലനം കിട്ടുന്നതിന് മുൻപ് കോന്നി ആനക്കൂട്ടിലായിരുന്നു സുരേന്ദ്രൻ. ആനക്കൂട്ടിലേക്ക് കാഴ്ചക്കാരെ ആകർഷിക്കാൻ കാരണക്കാരനും തലയെടുപ്പുള്ള ഈ കൊമ്പൻ തന്നെയായിരുന്നു.

Signature-ad

ശബരിമല വനത്തിലെ രാജാമ്പാറയിൽ നിന്ന് 1999 ൽ ഒറ്റപ്പെട്ട നിലയിൽ സുരേന്ദ്രനെ വനം വകുപ്പിന് കിട്ടുമ്പോൾ വെറും ഏഴ് മാസം മാത്രമായിരുന്നു പ്രായം. അമ്മയാന മരിച്ചുകിടക്കുമ്പോൾ മുലകുടിച്ച് നിൽക്കുകയായിരുന്നു അന്ന് സുരേന്ദ്രൻ. തുമ്പിക്കൈക്ക് നല്ല നീളമുണ്ട്, നല്ല തലപ്പൊക്കം, ഉടൽ വണ്ണം കുറവ്, വാലിന് നീളം തുടങ്ങി ആകാരത്തിൽ സുരേന്ദ്രൻ ലക്ഷണമൊത്ത ആനയാണ്. കോന്നി ആനക്കൂട്ടിലെ പാപ്പാന്മാർക്ക് സുരേന്ദ്രൻ ഇവിടെ നിന്ന് പോയതിൽ ഇപ്പോഴും സങ്കടമുണ്ട്.

കോന്നിയിലേക്ക് സുരേന്ദ്രനെ കാണാൻ ദൂര സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു. കോന്നിക്കാർക്ക് വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഈ ആന. വർണിച്ചാലും തീരാത്ത വിശേഷങ്ങളാണ് സുരേന്ദ്രനെ കുറിച്ച് ഇവിടത്തുകാർക്ക് പറയാനുള്ളത്. സുരേന്ദ്രൻ ആനക്കൂട്ടിൽ നിന്ന് പോയതിന്റെ നിരാശ ഇനിയും മാറാത്തവരും ഇവിടെയുണ്ട്.

തമിഴ്നാട്ടിലെ മുതുമല ക്യാമ്പിലേക്ക് സുരേന്ദ്രനെ കൊണ്ടു പോകാനുള്ള തീരുമാനത്തെ വൈകാരികമായാണ് നാട്ടുകാർ അന്ന് നേരിട്ടത്. അന്ന് എംഎൽഎ ആയിരുന്ന അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ആനയെ കൊണ്ട് പോകാനുള്ള നീക്കത്തെ തടഞ്ഞു. ജനപ്രതിനിധികൾക്കെതിരെ പൊലീസ് കേസെടുത്തു. സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ മുന്നണികൾ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് സ്വാധീനം ചെലുത്താൻ വരെ സാധിക്കുന്ന തരത്തിൽ കോന്നിക്കാർക്ക് പ്രിയപ്പെട്ടവനാണ് സുരേന്ദ്രൻ.

Back to top button
error: