KeralaNEWS

യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി കൊച്ചി മെട്രോ; 50 ശതമാനം വരെ ഇളവ്, കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാഷ്ബാക്കും… ഓഫർ ഈ ദിവസം മാത്രം!

കൊച്ചി: യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ രംഗത്ത്. ജനുവരി 26 ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് നിരവധി ഇളവുകൾ കൊച്ചി മെട്രോ യാത്രക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26 ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവിൽ ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.

രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും ഈ ഇളവ് തുടരും. റിപ്പബ്ളിക് ദിനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 മണി വരെയും വെറും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.

അതേസമയം ഇക്കഴിഞ്ഞ ആഴ്ച കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചിരുന്നു. കൊവിഡ് കാലത്ത് നൽകിയ ഇളവ് പിൻവലിച്ചാണ് പുതിയ നിരക്ക് തീരുമാനിച്ചത്. മെട്രോ യാത്രക്കാരുടടെ കാർ, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മെട്രോ യാത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ വാഹനം പാ‍ർക് ചെയ്യുന്നതിന് കൂടുതൽ നിരക്ക് നൽകണം.

കാർ, ജിപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 35 രൂപയും തുടർന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയുമാകും മെട്രോ യാത്രക്കാരല്ലാത്തവരിൽ നിന്ന് സ്റ്റേഷനിൽ ഈടാക്കുക.

Back to top button
error: