ബംഗലൂരു: ബംഗളുരുവിൽ അനധികൃതമായി താമസിച്ച പാക് യുവതിയും ഇന്ത്യൻ പൗരനായ ഭർത്താവും അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഇഖ്ര ജീവാനി എന്ന 19 കാരിയാണ് മതിയായ രേഖകളില്ലാത്തതിനാൽ അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവി(25)നെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇയാൾ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിങ്ങ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്‌നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തി.
ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മുലായം സിംഗ് യാദവ്. ബെല്ലന്തൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചിരുന്നത്. പിടിയിലായ പെണ്‍കുട്ടിയെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിന് കൈമാറി. സംഭവത്തിൽ ചാരവൃത്തി ഉൾപ്പെടെയുള്ള സാധ്യതകൾ പോലീസ് അന്വേഷിക്കുന്നുണ്ട്.