CrimeNEWS

ബലാത്സംഗ ശ്രമം ചെറുത്തതിന് തീ കൊളുത്തിയ യുവതി മരിച്ചു; മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ഒളിവിൽ 

റാഞ്ചി: ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23 വയസുകാരിയെ മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ചേർന്ന് തീകൊളുത്തി കൊന്നു. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഝാർഖണ്ഡ് ഹസാരിബാഗില്‍ ജനുവരി ഏഴിന് വീട്ടില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.

ബലാത്സംഗ ശ്രമം ചെറുത്തതില്‍ കുപിതരായ പ്രതികള്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് 70 ശതമാനം പൊള്ളലേറ്റ യുവതി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായി മരിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹസാരിബാഗ് എസ്പി മനോജ് രത്തന്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കേ എടുത്ത യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ അയല്‍വാസികളാണ് തന്നെ രക്ഷിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. എന്നാല്‍ താനാണ് യുവതിയെ രക്ഷിച്ചതെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും എസ്പി പറയുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും തെളിവുകള്‍ തേടിയുള്ള അന്വേഷണത്തിലാണെന്നും എസ്പി പറഞ്ഞു. അതേസമയം പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Back to top button
error: