ഒരേ ഇരിപ്പിൽ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരമണിക്കൂർ ഇടവിട്ട് എണീറ്റ് നടക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ
ദീര്‍ഘനേരം ഒരേ ഇരിപ്പിൽ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. പക്ഷേ, എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തിൽ നിന്നും ഇടവേളയെടുക്കേണ്ടത് എന്നും അത് എത്ര സമയം നീണ്ടുപോകണം എന്നുമൊക്കെ പലരുടെയും സംശയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ തടയുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത ഫലം കണ്ടെത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 30 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, നടക്കുകയേ ചെയ്യാതിരിക്കുക തുടങ്ങി അഞ്ച് വ്യത്യസ്തതരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. 11 പേരിലായിരുന്നു പരീക്ഷണം. എട്ട് മണിക്കൂര്‍ നേരം പലതരം പരിശീലനങ്ങൾ ചെയ്യിപ്പിച്ചതിനു ശേഷമാണ് 30 മിനിറ്റിന് ശേഷമുളള ഇടവേളകളില്‍ അഞ്ച് മിനിറ്റ് വീതം നടക്കുന്നതാണ് ഏറ്റവും ഉചിതമായതായി ഗവേഷകർ വിലയിരുത്തിയത്.
പുസ്തകങ്ങളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളുമൊക്കെ നല്‍കി ഇവരെ ദീർഘനേരം ഇരുത്തുകയായിരുന്നു. ഇടയ്ക്കിയട്ക്ക് ഇവരുടെ പ്രഷര്‍, ഷുഗര്‍ നിലകളും പരിശോധിച്ചുകൊണ്ടിരുന്നു. ഒപ്പം പങ്കെടുത്തവരുടെ മാനസികനില, ക്ഷീണം, വൈജ്ഞാനികമായ പ്രകടനത്തിന്റെ തോത് എന്നിവയും കൃത്യമായി പരിശോധിക്കുന്നുണ്ടായിരുന്നു.