ഇടുക്കി: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലയില്‍ വിജിലന്‍സിന്റെ പിടിയിലായത് നിരവധി പേര്‍. കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കെണിവച്ചു പിടിക്കുന്ന ‘ട്രാപ്’ കേസുകളില്‍ അറസ്റ്റിലായവരില്‍ തഹസില്‍ദാരും ഡോക്ടറും പഞ്ചായത് വൈസ് പ്രസിഡന്റും ഉള്‍പെടുന്നു. 2022 ല്‍ ജില്ലയില്‍ അഞ്ച് പേരെയും 2023 ല്‍ ഒരാളെയുമാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത്.
പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരാണു ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കിലും കൈക്കൂലി ജീവിതശൈലിയാക്കിയ കുറച്ചു പേരും ഇക്കൂട്ടത്തിലുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് സജീവമായി കളത്തിലിറങ്ങിയപ്പോള്‍ കൈക്കൂലി വാങ്ങുന്നവരെ പിടികൂടാന്‍ ജനവും കൂടെക്കൂടി. അതോടെ കൈക്കൂലി ട്രാപ് കേസുകള്‍ വര്‍ധിച്ചു.
കൈക്കൂലി ആവശ്യപ്പെട്ടാലുടന്‍ വിജിലന്‍സിനെ സമീപിക്കാന്‍ ജനം തയാറാകുന്നത് ഇത്തരക്കാരെ പിടികൂടാന്‍ സഹായമാകുന്നതായി വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.
ജനുവരി 20
കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായ സംഭവമാണ് ഒടുവിലത്തേത്.
വരുമാന സര്‍ടിഫികറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്‍ തന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ടിഫികറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ ജയ്ഷ് ചെറിയാന്‍ ആവശ്യപ്പെട്ടതാണ് പരാതി.
ഡിസംബര്‍ 22
ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയ്ക്കു തുടര്‍ചികിത്സ നല്‍കുന്നതിന് 5,000 കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ മായാ രാജ് പിടിയിലായത്. കഴിഞ്ഞ 22 ന് ആയിരുന്നു സംഭവം.
ഡിസംബര്‍ 12
ബില്‍ പാസാക്കി നല്‍കുന്നതിന് കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഏലപ്പാറ പഞ്ചായത് സെക്രട്ടറി ഹാരിസ് ഖാന്‍ (52) പിടിയിലായത്. കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപ്പണികളുടെ കരാറെടുത്ത വനിതയില്‍ നിന്നു പണം വാങ്ങുന്നതിനിടെയാണ് പഞ്ചായത് ഓഫിസില്‍ നിന്ന് ഇടുക്കി വിജിലന്‍സ് സംഘം ഹാരിസ് ഖാനെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 29
2500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കൊന്നത്തടി വിലേജ് ഓഫിസര്‍ കെ.ആര്‍ പ്രമോദ് കുമാറിനെ (50) വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കുടുംബാംഗ സര്‍ടിഫികറ്റ് ആവശ്യത്തിന് അപേക്ഷ നല്‍കിയയാളില്‍ നിന്നു പണം വാങ്ങാനായിരുന്നു ശ്രമമെന്നാണ് ആരോപണം..
ഓഗസ്റ്റ് എട്ട്
10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അടിമാലി പഞ്ചായതിലെ സീനിയര്‍ ക്ലാര്‍ക്ക് മനോജ് എസ് നായര്‍ (42) വിജിലന്‍സിന്റെ പിടിയിലായത്. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസറായിരുന്ന വ്യക്തിയുടെ വീടിനു നമ്പര്‍ ലഭിക്കുന്നതിനാണ് തുക ആവശ്യപ്പെട്ടത്.
ജൂലൈ 11
കൊക്കയാര്‍ പഞ്ചായത് വൈസ് പ്രസിഡന്റും സി.പി.ഐ മണ്ഡലം കമിറ്റിയംഗവുമായ കെഎല്‍ ദാനിയേല്‍ 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സിപിഎം വെട്ടിക്കാനം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ഏന്തയാര്‍ ഈസ്റ്റ് മേഖലാ സെക്രടറിയുമായ മാര്‍ട്ടിന്‍ കുര്യനാണു പരാതി നല്‍കിയത്. പടുതാക്കുളം നിര്‍മാണത്തിനുള്ള സബ്‌സിഡിക്ക് അപേക്ഷ പാസാക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി.
കേസുകള്‍ വേറെയും
അതിര്‍ത്തി കടന്നെത്തുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് ആളൊന്നിന് 100 രൂപ വീതം വാങ്ങിയെന്ന പരാതിയില്‍ കുമളിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ വലയിലായത് കഴിഞ്ഞ മാസം. കുമളി ചെക്‌പോസ്റ്റില്‍ കൈക്കൂലി വീതം വയ്ക്കുന്നതിനിടെ എക്‌സൈസ് വിജിലന്‍സിന്റെ പിടിയിലായ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍ കിട്ടിയ സംഭവവും അടുത്തിടെ നടന്നു.
ടാര്‍ ചെയ്ത് ആറ് മാസം തികയും മുന്‍പേ റോഡുകള്‍ തകര്‍ന്നതിന് കരാറുകാരനും ഓവര്‍സിയറും ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത സംഭവവുമുണ്ട്.