ശരിയുടെ പാതയിലൂടെയുള്ള ജീവിതമാണ് യഥാർത്ഥ ജീവിതം
വെളിച്ചം
അയാളുടെ വീട്ടിലേക്ക് ഒരു ദിവസം ഒരു സന്ന്യാസി എത്തി. ഉപചാരപൂർവ്വം സന്ന്യാസിയെ സ്വീകരിച്ചിരുത്തിയ ശേഷം അയാള്‍ എന്തോ അത്യാവശ്യകാര്യത്തിനായി പുറത്തേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടെ അയാളുടെ ഭാര്യയോട് സന്ന്യാസി ചോദിച്ചു: ‘നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്…?”
“നാല്…”
“നിങ്ങള്‍ക്ക് എത്ര ധനമുണ്ട്?’
“ഞങ്ങള്‍ കോടിപതികളാണ്…”
ഗൃഹനാഥൻ തിരിച്ചെത്തിയപ്പോഴും സന്ന്യാസി ഇതേ ചോദ്യമാവര്‍ത്തിച്ചു.
പക്ഷേ, ഉത്തരങ്ങള്‍ വ്യത്യസ്തമായിരുന്നു. അയാള്‍ പറഞ്ഞു:
“എനിക്ക് ഒരു മകന്‍, ധനം ഇരുപത്തിയയ്യായിരം രൂപ.”
അറുപത് വയസ്സ് തോന്നിക്കുന്ന അയാളോട് സന്ന്യാസി ഒരു ചോദ്യം കൂടി ചോദിച്ചു:
“താങ്കള്‍ക്ക് എത്ര വയസ്സായി…?
അയാള്‍ ഉടനെ പറഞ്ഞു:
“ഇരുപത്…”
“എന്തിനാണ് താങ്കള്‍ ഇങ്ങനെ നുണ പറയുന്നത്?”
സന്ന്യാസി ചോദിച്ചു.
അയാള്‍ പറഞ്ഞു:
“ഞാന്‍ പറഞ്ഞത് സത്യമാണ്. എന്റെ നാലു മക്കളില്‍ ഒരാള്‍ മാത്രമാണ് സന്മാര്‍ഗ്ഗജീവിതം നയിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപ മാത്രമാണ് ഞാന്‍ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്. ഞാന്‍ ശരിയുടെ പാതയില്‍ ജീവിക്കാന്‍ ആരംഭിച്ചിട്ട് ഇരുപത് വര്‍ഷമേയായിട്ടുള്ളൂ. അതു കൊണ്ടാണ് എന്റെ ഉത്തരങ്ങള്‍ വ്യത്യസ്തമായത്. എത്രനാള്‍ ഒരാള്‍ ആ സ്ഥാനത്തിരുന്നു എന്നതിനേക്കാള്‍, ആ സ്ഥാനത്തിരുന്ന് എന്താണ് അയാള്‍ ചെയ്തത് എന്നതാണ് വിലയിരുത്തലിന് കൂടുതല്‍ മികച്ച അളവുകോല്‍. അതുപോലെ മരണം വരെ നാം ജീവിക്കുന്ന ദിവസങ്ങളെ എണ്ണിനോക്കുന്നതിനേക്കാള്‍ അതില്‍ എത്രദിവസം നാം ശരിയായി ജീവിച്ചു എന്ന അളവുകോലാണ് കൂടുല്‍ ഉചിതം. എല്ലാ വിശകലനങ്ങളിലും അതിന്റെ ന്യൂനതകളെ കൂടി ഉള്‍പ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം…”
സന്ന്യാസി ഇരുവരെയും നോക്കി മന്ദഹാസത്തോടെ ശിരസ്സു കുലുക്കി. പിന്നെ യാത്രയായി.
സൂര്യനാരായണൻ