Movie

കമ്മാളൻ മൂശാരിമാരുടെ ഇടയിലെ ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷത്തിൻ്റെ കഥ പറഞ്ഞ ‘വെങ്കലം’ റിലീസായിട്ട് ഇന്ന് 30 വർഷം

സിനിമ ഓർമ്മ

      ഭരതൻ- ലോഹിതദാസ് ടീം അണിയിച്ചൊരുക്കിയ ‘വെങ്കല’ത്തിന് 30 വയസ്സ്. 1993 ജനുവരി 22നായിരുന്നു മുരളി, മനോജ് കെ ജയൻ, ഉർവ്വശി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷമായിരുന്നു ചിത്രം പറഞ്ഞത്. ജനപ്രീതി നേടിയ മികച്ച ചിത്രത്തിനും ഗാനരചനയ്ക്കും (പി ഭാസ്‌ക്കരൻ) അവാർഡുകൾ നേടി ‘വെങ്കലം’. ഭരതന്റെ കഥ. ‘തകര’ നിർമ്മിച്ച ബാബുവാണ് നിർമ്മാതാവ്.

കുടുംബത്തിലെ ചേട്ടനും അനിയനും ഒരു യുവതിയെ കല്യാണം കഴിക്കുന്നതാണ് കുടുംബം അടിച്ചു പിരിയാതിരിക്കാനുള്ള വഴി എന്ന പാരമ്പര്യമാണ് സിനിമയിൽ പ്രശ്നവിഷയം. അനിയന് വേണ്ടി കണ്ടു വെച്ച പെണ്ണിനെ ചേട്ടൻ സ്വന്തമാക്കുന്നു. തുടർന്ന് അനിയനും ഭാര്യയും തമ്മിലുള്ള ഇടപഴുകുകൾ അയാളെ സംശയാലുവാക്കുന്നു. അനിയൻ കല്യാണം കഴിച്ച വിവരം അറിഞ്ഞപ്പോഴാണ് അയാളുടെ ആശങ്കകൾ അകന്നത്. ഒപ്പം അച്ഛനായതിന്റെ ഉത്തരവാദിത്തവും അയാളിലെ മനുഷ്യത്വത്തെ പുതിയ മൂശയിലാക്കുന്നുണ്ട്. (പച്ചമനുഷ്യന് പരുക്കനായേ പെരുമാറാനാവൂ എന്ന വിധം, ഭാര്യയുടെ മേലുള്ള അയാളുടെ കരണത്തടി അന്ന് ചർച്ചയായിരുന്നു.)

‘ഒരു മെയ്‌മാസപ്പുലരിയിലി’ന് ശേഷം ഒന്നിച്ച പി ഭാസ്‌ക്കരൻ-രവീന്ദ്രൻ ടീമിന്റെ 4 ഗാനങ്ങൾ ‘വെങ്കല’ത്തെ ഹിറ്റാക്കുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ആറാട്ടുകടവിങ്കൽ, പത്തു വെളുപ്പിന്, ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ, ശീവേലി മുടങ്ങി തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു. ബിജു നാരായണന് ബ്രെയ്ക്ക് നൽകിയ ഗാനമാണ് ‘പത്ത് വെളുപ്പിന്’ (സിനിമയിൽ ചിത്ര പാടിയ വേർഷനാണ് ഉപയോഗിച്ചത്).

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: