KeralaNEWS

സംരംഭക സംഗമം: ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ കേരളത്തിൽ, വ്യാജ കണക്കുകള്‍ പറഞ്ഞ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ യൂണിറ്റുകളിൽ തമിഴ്‌നാട്ടിൽ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോൾ കേരളത്തിൽ അത് 0.76 ലക്ഷം കോടി രൂപയുടേതാണ്. വിവിധ വ്യവസായ യൂണിറ്റുകളിൽ തമിഴ്‌നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷിടിച്ചപ്പോൾ കേരളത്തിൽ 3.34 ലക്ഷമായി ചുരുങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കേരളമാണ്. ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയിൽ തുടങ്ങുന്ന സംരംഭങ്ങളും സർക്കാരിന്റെ കണക്കിൽപ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

കേരളത്തിന്റെ വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് സർക്കാർ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അടിസ്ഥാനരഹിതമായ കണക്കുകൾ നിരത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കൊച്ചിയിൽ നടന്ന സംരംഭക സംഗമത്തിൽ നിന്നും പ്രതിപക്ഷം വിട്ടു നിന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: