IndiaNEWS

വിമാനത്തിൽ എമർജൻസി വാതിലിനടുത്തുള്ള സീറ്റിലാണ്, പക്ഷേ തുറക്കില്ല’; തേജസ്വിയെ ട്രോളി ദയാനിധി മാരൻ

ചെന്നൈ: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് വിവാദത്തിലായ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയെ ട്രോളി ഡി.എം.​കെ. നേതാവും എം.പിയുമായ ദയാനിധി മാരൻ. തേജസ്വിയെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോയാണ് മാരൻ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് ദയാനിധി മാരന്റെ വിഡിയോ.
താൻ എമർജൻസി വാതിലിനു സമീപമാണ് ഇരിക്കുന്നതെന്നും എന്നാൽ വാതിൽ തുറക്കില്ലെന്നുമാണ് ദയാനിധി മാരൻ പറയുന്നത്. ‘ഞാൻ കോയമ്പത്തൂരേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്. എമർജൻസി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്‌, പക്ഷേ വാതിൽ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണക്കത്ത് എഴുതേണ്ടി വരില്ലല്ലോ’. മാരൻ പരിഹസിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് തേജസ്വിയെ വിവാദത്തിലാക്കിയ സംഭവമുണ്ടായത്. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമർജൻസി വാതിൽ തുറക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകുകയും ചെയ്തു. എന്നാൽ തേജസ്വിയുടെ പേര് ആദ്യം പുറത്തുവന്നിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം വിമർശനങ്ങൾ ഉയർന്നതോടെയാണ് വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിക്കുന്നത്.

Back to top button
error: