ശരീരത്തെ രോഗമുക്തമാക്കാൻ, മനസ്സിനെ സംഘര്‍ഷരഹിതമാക്കാൻ, അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയാൻ യോഗ പഠിക്കുക, പരിശീലിക്കുക
ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ സവിശേഷസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്. ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നമ്മെ സഹായിക്കും.
ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളും യോഗയിലുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി പകരും. അതുപോലെ സ്‌ട്രെസ്, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗയിമുകളിലേര്‍പ്പെടുന്നത് ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തും. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി മാത്രം പ്രവര്‍ത്തിക്കാന്‍ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. വ്യായാമം ചെയ്യുമ്പോള്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു. പുറംലോകവുമായി കാര്യമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ മറവി കൂടുതലായി കാണാം. സ്വയം സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മ ശക്തിക്ക് നല്ലതാണ്.
ഡോ. മഹാദേവൻ