കഴിഞ്ഞ സെപ്റ്റംബര്‍ 23ന് നടന്ന പോപ്പുലര്‍ ഫ്രണ്ട്ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. 10 ജില്ലകളിലാണ് നടപടി ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ 2022 സെപ്റ്റംബര്‍ 22 ന് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. കേസില്‍ ജപ്തി നടപടികള്‍ വൈകുന്നതിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും വെള്ളിയാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തൃശ്ശൂരില്‍ കുന്നംകുളം താലൂക്ക് പരിധിയിലെ അഞ്ച് നേതാക്കളുടെ വീടും സ്ഥലവും ജപ്തിചെയ്തു. വയനാട്ടില്‍ 14 പേരുടെ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ജപ്തിചെയ്തു. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, ചീമേനി, ചെങ്കള വില്ലേജ് പരിധിയിലാണ് റവന്യൂ റിക്കവറി നടപടികള്‍ നടന്നത്. ചീമേനിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നങ്ങാരത്ത് സിറാജുദ്ദീൻ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിടി സുലൈമാൻ എന്നിവരുടെ സ്ഥലവുമാണ് കണ്ടു കെട്ടിയത്. കാസര്‍കോട്ട് തഹസില്‍ദാര്‍ പി.വി ജയേഷും ഹൊസ്ദുര്‍ഗില്‍ തഹസില്‍ദാര്‍ മണിരാജുമാണ് നേതൃത്വം നല്‍കുന്നത്.
ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഉത്തരവ് നൽകിയിരുന്നു.
മിന്നല്‍ഹര്‍ത്താലിന് നഷ്ടപരിഹാരമായി 5.20 കോടിരൂപ കെട്ടിവെക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ടിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതിനാലാണ് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ഈ നടപടികളും ഊര്‍ജിതമല്ലെന്നുകണ്ടാണ് കഴിഞ്ഞദിവസം വീണ്ടും കോടതി വിഷയത്തില്‍ ഇടപെട്ടത്. സ്വത്ത് കണ്ടുകെട്ടിയത് സംബന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും