LIFEMovie

താൻ പണത്തിനും പ്രേക്ഷകർക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, അല്ലാതെ വിമർശക പ്രശംസ കിട്ടാൻ അല്ല: എസ്.എസ്. രാജമൗലി

ഹൈദരാബാദ്: ആര്‍ആര്‍ആര്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. എന്തായാലും അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് എസ്എസ് രാജമൗലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്”- രാജമൌലി പറഞ്ഞു.

അതേ സമയം ആര്‍ആര്‍ആര്‍ സിനിമയ്ക്ക് പകരം ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായത് ചെല്ലോ ഷോ എന്ന ചിത്രമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനും എസ്എസ് രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആര്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി ആകാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ അത് കഴിഞ്ഞ കാര്യമാണ്. ഇപ്പോള്‍ യോഗ്യത നേടിയ ചെല്ലോ ഷോ ഒരു ഇന്ത്യന്‍ ചിത്രം എന്ന നിലയില്‍ അഭിമാനകരമാണെന്നും എസ്എസ് രാജമൗലി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ആര്‍ആര്‍ റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു.
രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Back to top button
error: