തൃശൂർ: തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിലെ ബുഹാരിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പൂട്ടിയ സ്ഥാപനം അനുമതി ഇല്ലാതെ തുറന്ന് പ്രവർത്തിക്കുന്നെന്ന വിവരമറിഞ്ഞ് ബുഹാരിസ് ഹോട്ടലിൽ ഉദ്യോഗസ്ഥർ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഉടമ ഫോണിൽ ഭീഷണിപ്പെടുത്തിയത്. പതിനെട്ടാം തീയതിയാണ് ഹോട്ടൽ ആദ്യം അടപ്പിച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായ കുടുംബത്തിന്റെ പരാതിയിലായിരുന്നു നടപടി. ന്യൂനതകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു നിർദേശം. ഇത് ലംഘിച്ച് ഹോട്ടൽ വീണ്ടും തുറന്ന് ഭക്ഷണം പാഴ്സൽ നൽകുകയായിരുന്നു.