ചെന്നൈ: തമിഴ് വികാരത്തെ മാനിക്കാതെയുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടികളിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ദക്ഷിണേന്ത്യയിൽ വളർച്ചയ്ക്കുള്ള നീക്കങ്ങൾക്ക് ഗവർണറുടെ നടപടികൾ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. അതേസമയം ഡൽഹിയിലെത്തിയ ഗവർണ്ണർക്ക് ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണാൻ അവസരം ലഭിച്ചിട്ടില്ല.
നിരവധി ബില്ലുകൾ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നു, തുടർച്ചയായി ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുന്നു എന്നീ പരാതികളും ഗവർണർക്കെതിരായി ഡിഎംകെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജനാധിപത്യത്തെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഒന്നായി ചെറുക്കണം എന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമായും ഡിഎംകെ നേതൃത്വം ആശയവിനിമയം നടത്തി. ഡിഎംകെ സഖ്യത്തിലേയും യുപിഎയിലേയും മിക്ക കക്ഷികളും ഇക്കാര്യത്തിൽ ഇതിനകം ഡിഎംകെയെ പിന്തുണ അറിയിച്ചിട്ടുണ്ട്.