കൊച്ചി: പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
അതേസമയം മജിലിസ് ഹോട്ടലുടമസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് പറവൂർ പൊലീസ് കേസെടുത്തിട്ടുള്ളത് ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. പറവൂർ ഭക്ഷ്യവിഷബാധയിൽ കൂടുതൽ പേർ ചികിത്സ തേടി കൊണ്ടിരിക്കുകയാണ്. ലഭ്യമായ വിവരം അനുസരിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചിക്തസ തേടിയവരുടെ എണ്ണം 65 ആയി ഉയർന്നു. ഭക്ഷ്യവിഷബാധയേറ്റ 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ കോഴിക്കോട്ടേയും തൃശ്ശൂരിലേയും ആശുപത്രികളിലാണ് ചികിത്സയിൽ കഴിയുന്നത്.