കോട്ടയം: കോട്ടയം മണർകാട് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. അർത്തുങ്കൽ ബീച്ചിൽ നിന്നാണ് ചേർത്തല പോലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ മണർകാട് പോലീസ് സംഘം കണ്ടെത്തിയത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിന് പിന്നാലെ മണർകാട് സ്വകാര്യ സ്കൂളിലെ രണ്ട് പെൺകുട്ടികളെ കാണാതായത്. ചൊവ്വാഴ്ച രാവിലെയായാണ് മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെയാണ് കാണാതായത്.
13 വയസ്സുകാരികളായ കുട്ടികൾ സ്കൂളിലേക്ക് എന്ന പേരിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. കുട്ടികൾ സ്കൂളിൽ എത്താതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികൾ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളിൽ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതർ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.
രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത മണർകാട് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം നടത്തി. പെൺകുട്ടികളുടെ സഹപാഠികൾ അർത്തുങ്കൽ പള്ളിയിലേക്ക് പോകുമെന്ന് വിവരം പങ്കു വച്ചത്. തുടർന്നാണ് ആലപ്പുഴയിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.