CrimeNEWS

കാസർകോട് നിക്ഷേപ തട്ടിപ്പ് കേസ്: ജിബിജി ചെയർമാനും ഡയറക്ടറും അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന‍് എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നിന്നാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജിബിജി നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.  96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

കുണ്ടംകുഴി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍ രാവിലെ പതിനൊന്നിന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് എത്തുന്നതിന് മുമ്പേ കാസര്‍കോട്ടെ ലോഡ്ജില്‍ നിന്ന് ഇയാള്‍ പിടിയിലായി. പിന്നീട് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗംഗാധരനേയും കാസര്‍കോട് നിന്ന് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 420, ചതി, സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്റ്റ് എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നാല് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.

Signature-ad

ലൈസന്‍സില്ലാതെ വിവിധ ചിട്ടികള്‍ നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 5700 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. 18 ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകളില്‍ 12 കോടി രൂപയുണ്ടെന്നാണ് കണക്ക്. ബാക്കി പത്ത് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നതേ ഉള്ളൂ.

Back to top button
error: