കൊല്ലം: ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായം കണ്ടെത്തിയില്ല. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് പരിശോധനയില്‍ കണ്ടെത്താനായത്.
ജനുവരി 11 നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറിയാണ് പിടികൂടിയത്. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. സാംപിള്‍ വൈകി ശേഖരിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് മന്ത്രി ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു.
ആറു മണിക്കൂറിനുള്ളില്‍ പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനാകില്ല. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ചു ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. ടാങ്കര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.