ഇടുക്കി: കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ യുവാവ് വനത്തിൽ മരത്തിനു മുകളിൽ കഴിച്ചുകൂട്ടിയത് രണ്ടു രാത്രിയും ഒരു പകലും. ഒടുവിൽ 40 മണിക്കൂറിനു ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ. ഇടുക്കി മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയ ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് കാട്ടാനകൾ വിഹരിക്കുന്ന ഉൾക്കാട്ടിൽ ഒറ്റപ്പെട്ടത്. രണ്ടു രാത്രിയും ഒരു പകലും കാട്ടിൽ കുടുങ്ങിയ ജോമോൻ അവസാനം വനത്തിലൂടെ നടന്ന് ജനവാസമേഖലയിൽ എത്തുകയായിരുന്നു.
വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടതോടെയാണ് ജോമോൻ കാട്ടിൽ വഴിതെറ്റി അകപ്പെടുന്നത്. ഒരു കൊമ്പനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി. ഇതിൽനിന്ന് രക്ഷപ്പെട്ട് ഓടിയ ജോമോൻ എത്തിയത് ഒരു അരുവിയിലാണ്. ഇവിടെ വച്ചു മൊബൈലിന്റെ ചാർജ് പോയി. ഇരുട്ടായതോടെ ഒരു മരത്തിൽ കയറി ഇരുന്നു.
നേരം വെളുത്തപ്പോൾ പുഴയോരത്തു കൂടി താഴേക്കു നടക്കുകയായിരുന്നു. പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചാണ് ജീവൻ നിലനിലനിർത്തിയത്. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തിൽ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടർന്നു. ഒടുവിൽ രാവിലെ ഏഴരയോടെ മലയിഞ്ചിയിൽ എത്തിച്ചേരുകയായിരുന്നു. 40 മണിക്കൂറോളം ദുരിത യാത്രക്കൊടുവിലാണ് ജോമോൻ കാട്ടിൽനിന്നും പുറത്തുകടന്നത്. സംഭവത്തേക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.