കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെ അജ്ഞാതരായ അക്രമികൾ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി. മുൻ എം.പി. മുർസൽ നാബിസാദ (32) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബൂൾ പൊലീസ് വക്താവ് അറിയിച്ചു.
അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്യൻ പാർലമെന്റ് അംഗം ഹന്ന ന്യൂമാൻ നാബിസാദയുടെ മരണത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി.