പൂഞ്ഞാർ: മീനച്ചിലാറിനെ പമ്പയാക്കി മാറ്റിയ പമ്പവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. അഖില ഭാരത അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മങ്കുഴി ക്ഷേത്ര ആറാട്ടുകടവിലാണ് മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ വിളക്ക് നടത്തിയത്. മങ്കുഴി ക്ഷേത്രത്തിൽ ദീപാരാധനക്ക് ശേഷം തന്ത്രി ബാബു നാരായണൻ ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആറാട്ടുകടവിൽ എത്തിച്ചു. തുടർന്ന് ആറാട്ടുകടവിൽ സജ്ജമാക്കിയ വിളക്കുകളിലേക്ക് മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ദീപം പകർന്നു.
ബാബു നാരായണൻ തന്ത്രി നദീ പൂജ നടത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അയ്യപ്പസേവാസംഘം പൂഞ്ഞാർ തെക്കേക്കര ശാഖാ പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി ഉത്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ് യാർഡ് മുൻ ഡയറക്ടർ ബോർഡ് മെമ്പർ ബി. രാധാകൃഷ്ണ മേനോൻ മുഖ്യ പ്രഭാഷണംനടത്തി ജ്യോതിസ് മോഹൻ, ആർ സുനിൽകുമാർ, മിനർവ്വ മോഹൻ, സോമരാജൻ ആറ്റുവേലിൽ തുടങ്ങിയവർ സംസാരിച്ചു.