കായംകുളത്തെ യാസിൻ എന്ന കൊച്ചുമിടുക്കനെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ കുറിപ്പ്; യാസിനെ കാണാൻ രതീഷ് വേഗ എത്തുന്നു…
ആലപ്പുഴ: ശാരീരിക പരിമിതികൾ മറികടന്ന് സ്വയം കീ ബോർഡ് പഠിക്കുകയും മനോഹരമായി വേദിയിൽ അവതരിപ്പിക്കുകയും ചെയ്ത കായംകുളത്തെ യാസിൻ എന്ന അഞ്ചാം ക്ലാസുകാരനായ അത്ഭുത ബാലനെ കുറിച്ച് മന്ത്രി വി. ശിവൻകുട്ടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും പോസ്റ്റ് കണ്ട സംഗീത സംവിധായകൻ രതീഷ് വേഗ കമന്റിലൂടെ പ്രതികരിക്കുകയും യാസിന്റെ സംഗീതം ലോകത്തെ അറിയിക്കാൻ തന്നാൽ ആവും വിധമുള്ള കാര്യങ്ങൾ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോളിതാ രതീഷ് വേഗ തൃശ്ശൂരിൽ നിന്ന് കായംകുളത്തേക്ക് യാസിനെ കാണാൻ പുറപ്പെട്ടു എന്നറിയിക്കുക ഉണ്ടായി. ഉച്ചയോടെ രതീഷ് വേഗ യാസിനെ കാണും. കായംകുളം എം എൽ എ അഡ്വ. യു. പ്രതിഭ എം എൽ എയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യാസിനെ കാണാനെത്തുന്നു എന്ന് പറഞ്ഞ് രതീഷ് വേഗ വീഡിയോ ഇട്ടിരുന്നു. തന്നാൽ കഴിയുന്ന സഹായവും മാർഗനിർദ്ദേശവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരുപം
ഇന്ന് ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളി നോർത്ത് കെ.എൻ.എം യു പി സ്കൂളിൽ പരിപാടിക്കെത്തിയപ്പോൾ ഒരു കൊച്ചു മിടുക്കനെ കണ്ടു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന യാസിൻ ആണത്. ഷാനവാസ് – ഷൈല ദമ്പതിമാരുടെ മകൻ യാസിൻ ഒരു അത്ഭുതമാണ്. കോവിഡ് കാലത്ത് തന്റെ പരിമിതികളെ മറികടന്ന് മറ്റാരുടെയും സഹായമില്ലാതെ വീട്ടിലിരുന്ന് സ്വയം കീബോർഡ് വായിക്കാൻ പഠിച്ചു. എന്നിട്ട് പല വേദികളിലും പരിപാടികൾ അവതരിപ്പിച്ചു. യാസിന്റെ ഈ പ്രതിഭയെ നമ്മൾ ഉപയോഗിക്കുക തന്നെ വേണം. സംഗീത സംവിധായകർ ആരെങ്കിലും ഈ പോസ്റ്റ് കാണുമെങ്കിൽ ഒരു അവസരം കൊടുത്താൽ നന്നായിരുന്നു.