KeralaNEWS

തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ഉപ്പുതറ: തേക്കടി-കൊച്ചി സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് നിസാര പരുക്ക്. മേരികുളം, ഇടപ്പൂക്കുളത്തിനും, പുല്ലുമേടിനും ഇടയില്‍ കുളമക്കാട്ടുപടി ഒടിച്ചുകുത്തി വളവില്‍ ശനിയാഴ്ച വൈകിട്ട് 4.30 നാണ് അപകടം. കുമളിയില്‍ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഹാന്‍ഡ് ബ്രേക്കിട്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ബസ് വേഗം കുറഞ്ഞ് താഴ്ചയിലേക്ക് പോകുകയായിരുന്നു. 50 അടി താഴ്ചയില്‍ എത്തി പാറയില്‍ തട്ടി ഒരു വശത്തേക്ക് മറിഞ്ഞു. ഈ സമയം രണ്ടു കാപ്പി കുറ്റികള്‍ ഉള്ളിലേക്ക് തുളഞ്ഞു കയറിയതിനാലാണ് ബസ് നിന്നത്. ഇവിടെ നിന്നും 10 അടി കൂടി ബസ് മുന്നോട്ടു നീങ്ങിയിരുന്നെങ്കില്‍ 500 അടി താഴ്ചയിലേക്ക് മറിയുമായിരുന്നു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായിപ്പോയതെന്നു നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുമളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ പുല്ലുമേട് മംഗലശേരിയില്‍ മോളിയുടെ(57) വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ബസില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ മ്‌ളാമല സ്വദേശിനി മാളുവിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. സ്പ്രിംങ്‌വാലിയിലെ ആശുപത്രിയില്‍ സ്‌കാനിങ് നടത്തി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിനു ശേഷം വീണ്ടും ആശുപത്രിയിലെത്തി സ്‌കാനിങ് നടത്തി മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രാഥമീക ചികിത്സ നല്‍കി വിട്ടയച്ചു. നിസാര പരുക്കേറ്റ മറ്റുള്ളവരും വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സക്ക് വിധേയമായി. 18 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

Signature-ad

പൊങ്കല്‍ പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ബസില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു. കൊടും വളവുകളും കുത്തനെയുള്ള കയറ്റിറങ്ങളുമുള്ള കുമളി – ഉപ്പുതറ റൂട്ടില്‍ നീളം കൂടിയതും പഴക്കം ചെന്നതുമായ ബസാണ് സര്‍വീസ് നടത്തുന്നത്. പരിചയസമ്പന്നരായ ഡ്രൈവര്‍മാരായതിനാല്‍ മാത്രമാണ് അപകടം കുറഞ്ഞിരിക്കുന്നത്.

Back to top button
error: