
കൊച്ചി: ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ.യെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ജനുവരി 14ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4.30ന് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഓസ്‌ട്രേലിയന്‍ സമയം രാത്രി 10 മണിക്കു മെല്‍ബണ്‍ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് അംഗങ്ങളുടെ സാനിധ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ബാംഗ്ലൂര്‍ ധര്‍മ്മാരം കോളേജില്‍നിന്നു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1996 ഡിസംബര്‍ 26ന് താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂര്‍ മോണിംഗ്‌സ്റ്റാര്‍ സ്‌കൂളിലും കോഴിക്കോട് ദേവഗിരി ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ഇംഗ്ലീഷ് അധ്യാപകനായും സേവനം ചെയ്തു.
2008-2014 കാലഘട്ടത്തില്‍ സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി രണ്ടുതവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ 2020 വരെ ഓസ്‌ട്രേലിയായിലെ ബ്രിസ്‌ബെന്‍ അതിരൂപതയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ഓസ്‌ട്രേലിയായിലെ സീറോമലബാര്‍ സഭാംഗങ്ങള്‍ക്കു ആത്മീയശുശ്രൂഷകള്‍ നടത്തികൊടുക്കുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു. 2021 മുതല്‍ മാനന്തവാടി രൂപതയിലെ നിരവില്‍പുഴ സെന്റ് ഏലിയാസ് ആശ്രമത്തില്‍ സുപ്പീരിയറായും ഇടവകദേവാലയത്തില്‍ വികാരിയായും ശുശ്രൂഷ ചെയ്തുവരവേയാണ് പുതിയ നിയോഗം.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍. രൂപതയുടെ ആദ്യമെത്രാനായ മാര്‍ ബോസ്‌കോ പൂത്തൂരിനു 75 വയസ്സ് പൂര്‍ത്തി യായതിനെത്തുടര്‍ന്നു സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പുതിയ മെത്രാനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്.






