KeralaNEWS

കടുവ ആക്രമണം: മാനന്തവാടി താലൂക്കിൽ നാളെ യുഡിഎഫ് ഹർത്താൽ, രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ: കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു നാളെ മാനന്തവാടി താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു യുഡിഎഫ്. അതെ സമയം, കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസാണ് ഇന്ന് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽവച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിൽ പ്രതിഷേധിച്ച് പുതുശ്ശേരി വെള്ളാരം കുന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

പ്രതീകാത്മക ചിത്രം
Signature-ad

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശം കനത്ത ജാഗ്രതയിലാണ്. വയനാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 50 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 41 പേർ കാട്ടാനയുടെ ആക്രമണത്തിലും 6 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. രണ്ട് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം കൊല്ലപ്പെട്ടത്19 പേരാണ്. ഇതിൽ 15 പേർ കാട്ടാനയുടെ ആക്രമണത്തിലും 4 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.

സൗത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനിടെ 10 പേർക്കു ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായി. 2 പേരെ കാട്ടുപോത്ത് കൊന്നു. ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും ഒരാൾ കടുവയുടെ ആക്രമണത്തിലും മരിച്ചുവെന്നും കണക്കുകൾ. നോർത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ് 10 വർഷത്തിനിടെ 13 പേർക്കാണു കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

Back to top button
error: