KeralaNEWS

‘ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു’; തരൂരിനെ പരോക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ

  • നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയാണ് ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ ചോദ്യം. നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ലെന്നും ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

അതിനിടെ, നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന്  എംപിമാർക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.

അതേസമയം, താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ശശി തരൂർ എംപി രംഗത്തെത്തി. പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂർ ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു. കേരളം എൻ്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂർ പറഞ്ഞു.

Back to top button
error: