ശബരിമല: മകരവിളക്കിനൊരുങ്ങി സന്നിധാനം. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രീയകള്‍ ഇന്ന് ആരംഭിക്കും. ഇന്ന് പ്രാസാദ ശുദ്ധിയും നാളെ ബിംബശുദ്ധിയും നടക്കും. പ്രാസാദശുദ്ധി ക്രിയകളുടെ ഭാഗമായി ഗണപതി പൂജ, രാക്ഷോഹ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുകലശം, രക്ഷാകലശം എന്നിവയും ബിംബ ശുദ്ധിക്രിയകളുടെ ഭാഗമായി രാവിലെ ചതു: ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം 25 കലശം എന്നിവ നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ശുദ്ധി ക്രിയകള്‍ നടക്കുക.
20 ന് രാവിലെ രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി നടയടയ്ക്കും. 18 വരെ മാത്രമേ അഭിഷേകം ഉണ്ടായിരിക്കുകയുള്ളു. 19 വരെ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകുകയുള്ളൂ. 15 മുതല്‍ 19 വരെ പടിപൂജ ഉണ്ടാകും.
മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.തുടര്‍ന്ന് പിറ്റേ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ എ.ഡി.എം പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.