KeralaNEWS

റിപ്പബ്ലിക് ദിനം: 33 തടവുകാര്‍ക്ക് ശിക്ഷ ഇളവു നല്‍കി മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം 

തിരുവനന്തപുരം: റിപ്പബ്ലിക്ക്ദിനത്തിന്റെ ഭാഗമായി 33 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായിട്ടുകൂടിയാണ് രണ്ടാം ഘട്ടത്തില്‍ പ്രത്യേക ശിക്ഷാ ഇളവ്. ഇതിനായി ശിപാര്‍ശ ചെയ്ത 34 തടവുകാരില്‍ ഒരാളെ ഒഴിവാക്കിയാണ് 33 പേര്‍ക്ക് വിടുതല്‍ നല്‍കുന്നത്.

ഭരണഘടനയുടെ 161 അനുചേ്ഛദം നല്‍കുന്ന അധികാരം ഉപേയാഗിച്ച് അകാല വിടുതല്‍ അനുവദിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

കേരള സ്‌റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി എസ്. അനില്‍ ദാസിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൈനിക സേവനത്തിനിടെ 2000 ഏപ്രില്‍ 26ന് ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് സൈമണ്‍ ജെയുടെ മകള്‍ സൗമ്യക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ആര്‍മി ഓഫീസില്‍ നിന്ന് ആട്രിബ്യുട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 21വര്‍ഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അംഗീകരിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം.

കൊല്ലം ജില്ലയിലെ അഷ്ടമുടി കായലില്‍ നീണ്ടകര അഴിമുഖത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഊന്നി / കുറ്റിവലകള്‍ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി ഒരു കോടി 13 ലക്ഷം രൂപ അനുവദിച്ചു. 38 ഊന്നി / കുറ്റിവല ഉടമകള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഈ പ്രദേശത്ത് ഇനി ഊന്നി / കുറ്റിവലകള്‍ സ്ഥാപിക്കപ്പെടുന്നില്ല എന്ന് ഫിഷറീസ്-ജലവിഭവ വകുപ്പുകള്‍ ഉറപ്പു വരുത്തണം എന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

Back to top button
error: