ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പൊലീസ് പിടിച്ചെടുത്ത ലോറിയുടെ ഉടമയും ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിനെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദം.
ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന നേതാക്കളടങ്ങിയ ഒരു വിഭാഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ശക്തമായ എതിര്‍പ്പോടെ മറുവിഭാഗം രംഗത്തെത്തിയപ്പോള്‍, മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്. തെറ്റുകാരനാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യമായാല്‍ മാത്രം കര്‍ശന നടപടി മതിയെന്ന സജിയുടെ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. അതുവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇതിനുശേഷമാണ് ഇരുവിഭാഗങ്ങളിലും ഉള്ളവരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷന് രൂപം നല്‍കിയത്.
തന്നെ കേസില്‍ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന ഷാനവാസിന്റെ ആരോപണം പാര്‍ട്ടിയിലെ ചിലരെ ഉന്നം വച്ചുള്ളതാണ്. പാര്‍ട്ടി സമ്മേളനത്തോടെ രൂപംകൊണ്ട പുതിയ അച്ചുതണ്ടുകള്‍ തമ്മിലുള്ള ബലപരീക്ഷണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു. നിലവില്‍ ആലപ്പുഴ നോര്‍ത്ത് ഏരിയ സെന്റര്‍ അംഗമാണ് ഷാനവാസ്. ലഹരിക്കടത്തില്‍ അറസ്റ്റിലായ ഇജാസ്, സജാദ് എന്നിവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ഷാനവാസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പാര്‍ട്ടി ദ്രുതഗതിയില്‍ നടപടിയെടുത്തത്. പാര്‍ട്ടി അംഗമായ ഇജാസിനെ പുറത്താക്കി. ഇയാള്‍ നേരത്തെയും ലഹരിക്കടത്തിന് പിടിയിലായിട്ടുണ്ട്. ഷാനവാസിന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇ.ഡിയെ സമീപിച്ചതായും സൂചനയുണ്ട്.
താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് എ.ഷാനവാസ് വ്യക്തമാക്കി. ആരെങ്കിലും സ്വന്തം വാഹനം ലഹരിക്കടത്തിന് നല്‍കുമോ? വാഹനം വാങ്ങിയതും വാടകയ്ക്ക് നല്കിയതും പാര്‍ട്ടിയെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി.
35 ലക്ഷം രൂപ വിലയുള്ള വാഹനം ജനുവരി 28 നാണ് വാങ്ങിയത്. പെര്‍മിറ്റ് ലഭിച്ചത് നാലാം തീയതിയാണ്. വാടകയ്ക്ക് നല്‍കാനായി ഇടുക്കി സ്വദേശി ജയന്റെ പേരില്‍ ആറാം തീയതി കരാറെഴുതി. ഇക്കാര്യത്തില്‍ കബളിപ്പിക്കല്‍ നടത്തിയിട്ടില്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ദുഃഖമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കുമെന്നും ഷാനവാസ് പറഞ്ഞു.