NEWSWorld

യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ ചുമത്തി

അബുദാബി: യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തീകരിക്കേണ്ട സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ സ്ഥാപങ്ങളും 2022 അവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു അധികൃതർ നിർദേശിച്ചിരുന്നത്.

നിയമിക്കേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം വീതമാണ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വർദ്ധിപ്പിച്ച് 2026 ഓടെ സ്വദേശിവത്കരണം പത്ത് ശതമാനത്തിൽ എത്തിക്കണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലുള്ള ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവത്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 109 സ്ഥാപനങ്ങളുടെ പദവി കുറച്ച് കാറ്റഗറി മൂന്നിലേക്ക് മാറ്റി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Signature-ad

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് യുഎഇ ഭരണകൂടം നൽകുന്ന വേതന സുരക്ഷാ പദ്ധതിയായ നാഫിസിനെ ദുരുപയോഗം ചെയ്‍ത 130 സംഭവങ്ങളിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഇവർക്ക് ഇതുവരെ നൽകിയ സാമ്പത്തിക സഹായം തിരികെ ഈടാക്കാനുള്ള നടപടികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നാഫിസ് പ്രോഗ്രാമിനെ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇവർ വ്യാജമായി നിയമിക്കുന്ന ഓരോ സ്വദേശിയുടെയും പേരിൽ ഇരുപതിനായിരം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒപ്പം ആനുകൂല്യങ്ങളുടെ വിതരണം നിർത്തിവെയ്ക്കുകയും ഇതുവരെ നൽകിയ പണം തിരികെ ഈടാക്കുകയും ചെയ്യും.

Back to top button
error: