LIFEMovie

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്.

വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു.  ഈ അഭിമാനകരമായ നേട്ടത്തില്‍  ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

Signature-ad

നേരത്തെ ആര്‍ആര്‍ആര്‍ നേടിയ ബഹുമതിയില്‍ ഗീതസംവിധായകൻ എംഎം കീരവാണിയെ അഭിനന്ദിച്ച് ഓസ്‌കാർ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്മാൻ രംഗത്ത് എത്തിയിരുന്നു. അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൌലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ആര്‍ആര്‍ആര്‍ ടീം വിജയം ആഘോഷിക്കുന്ന വീഡിയോ അടക്കം എആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം.

കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.

മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല.  ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ നാട്ടു നാട്ടു പാട്ട്.

Back to top button
error: