- ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായി
- കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരൻ
തൃശൂര്‍: മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പമെന്നും ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നും പെരുവനം കുട്ടൻ മാരാർ. ആത്മസംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നതെന്ന് പാറമേക്കാവു ദേവസ്വത്തിന്റെ മേളപ്രമാണി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു. ഇരുപത്തിനാലു വര്‍ഷം മേളപ്രാമാണികത്വം വഹിച്ചത് ഏറെ സന്തോഷകരം. മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം. ദൈവം നിയോഗം പോലെ നല്ല വേദികള്‍ തന്നു, അവസരം തന്നു. തനിക്ക് ആ അവസരങ്ങള്‍ ഉപയോഗിക്കാനായി. സംഭവിക്കുന്നതെന്തും നല്ലതിന് എന്നു കരുതുന്നയാളാണ് താന്‍. ഇപ്പോള്‍ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതു തന്റെയും നന്മയ്ക്കാണ് എന്നു തന്നെയാണ് കരുതുന്നത്- പെരുവനം പറഞ്ഞു.
പാറമേക്കാവിന്റെ മേളപ്രമാണിയായി നിയോഗിക്കപ്പെട്ട കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരനാണെന്ന് പെരുവനം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ കൊട്ടിയിട്ടുണ്ട്. താന്‍ പ്രമാണിയായപ്പോള്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം വിട്ടുനിന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്. പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്. ദേവസ്വത്തിന്റെ ഇപ്പോഴത്തെ തീരുമാനവുമായി അതിനു ബന്ധമൊന്നുമില്ല. ദേവസ്വത്തില്‍ ഉള്ളത് തന്റെ സുഹൃത്തുക്കളാണ്. പൂരത്തിനു കൊട്ടുന്നവര്‍ വേലയ്ക്കു കൊട്ടുന്നതാണ് പാറമേക്കാവിലെ രീതി. പൂരത്തിനു കൊട്ടിയവര്‍ എത്തിയില്ലെങ്കില്‍ പകരക്കാരെ വയ്ക്കുന്നു പതിവുണ്ട്. അങ്ങനെയാണ് മകനെ കൊട്ടാന്‍ കയറ്റിയത്. അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.