ദുബായ്: എയര്‍ ഇന്ത്യാ വിമാനങ്ങളിലെ മൂത്ര വിവാദങ്ങള്‍ക്കു പിന്നാലെ മറ്റൊരു മൂത്രക്കഥകൂടി! പ്രസിഡന്റ് സല്‍വ കീര്‍
മയാര്‍ഡി പൊതുപരിപാടിക്കിടെ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് സൗത്ത് സുഡാനില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സൗത്ത് സുഡാന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകരെയാണ് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്തെത്തി.
ഇക്കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ഉദ്ഘാടന പരിപാടിക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ അറ്റന്‍ഷനായി നിന്ന കീറിന്റെ പാന്റ്‌സുകളെ നനച്ചു കൊണ്ട് മൂത്രം ഒഴുകി തറയില്‍ പരന്നു. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ഇത് ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. കീര്‍ തന്റെ ട്രേഡ്മാര്‍ക്ക് കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള വസ്ത്രവും ധരിച്ച് പങ്കെടുക്കുന്ന ചടങ്ങിനിടെ ഇടത് ട്രൗസറിന്റെ കാല് നനയുന്നതായാണ് വീഡിയോയിലുള്ളത്. ഒരു യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
സൗത്ത് സുഡാനിലെ മാധ്യമപ്രവര്‍ത്തക യൂണിയന്‍, ആറുപേരെക്കുറിച്ചുള്ള അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീഡിയോ പുറത്തുവന്നതിനെക്കുറിച്ച് അറിവുണ്ടെന്നാണ് ദേശീയ സുരക്ഷാ ഏജന്‍സി ആരോപിക്കുന്നത്. മോശം പ്രൊഫഷണല്‍ പെരുമാറ്റമോ കുറ്റകൃത്യമോ പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന കേസ് ഉണ്ടെങ്കില്‍, പ്രശ്‌നം ന്യായമായും സുതാര്യമായും നിയമാനുസൃതമായും പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അധികാരികകള്‍ തയ്യാറാവണം. സൗത്ത് സുഡാനിലെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
പാരിസ്-ഡല്‍ഹി വിമാനത്തിലും ‘മൂത്രാ’ക്രമണം; ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍
അതേസമയം, 71 വയസുള്ള കീര്‍ തന്റെ ആരോഗ്യത്തെ മാനിച്ചെങ്കിലും അധികാരമൊഴിയാന്‍ തയാറാകണമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, വൃദ്ധനായ ഒരാള്‍ക്ക് അറിയാതെ മൂത്രം പോകുന്നതിനെ പരിഹസിക്കരുതെന്നും വിവാദമാക്കരുതെന്നും മറ്റൊരു കൂട്ടരും പറയുന്നു.
2011 മുതല്‍ അധികാരത്തിലുള്ള കീര്‍, ഇതുവരെ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് കരുതുന്നത്. മുന്‍ വൈസ് പ്രസിഡന്റും സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് (എസ്പിഎല്‍എം)ല്‍ കീറിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന റീക്ക് മാച്ചറിന്റെ നേതൃത്വത്തില്‍ വിമതര്‍ ശക്തമായി തന്നെ രംഗത്തുണ്ട്. ആഭ്യന്തര യുദ്ധവും പട്ടിണിയും പലായനവും വെള്ളപ്പൊക്കവും വരള്‍ച്ചയും മൂലം അതീവ ദുരിതത്തിലാണ് സൗത്ത് സുഡാനിലെ ജനങ്ങള്‍. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം ആരംഭിച്ചതോടെ ഈ ആഫ്രിക്കന്‍ രാജ്യത്തിന് ലഭിച്ചിരുന്ന ഭക്ഷണ സഹായവും നിന്നിരുന്നു. രാജ്യം അടിമുടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് മൂത്രവിവാദം ഉയരുന്നതും അത് മുന്‍നിര്‍ത്തി തന്നെ കീറിന്റെ പ്രസിഡന്റ് പദവി ചോദ്യം ചെയ്യപ്പെടുന്നത്.