ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26 നാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി. എന്നാല്‍, ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28 നാണ് എയര്‍ ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വ്യവസായിക്കെതിരേ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരേ ചുമത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.
ഡല്‍ഹിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. ഇതിന് ശേഷമാണ് എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്.