LIFEMovie

ജനല്‍ തുറന്നപ്പോള്‍ ചുറ്റും വെള്ളം, അകത്തേക്കും വെള്ളം കയറുന്നു! മഹാപ്രളയത്തിന്റെ ഓര്‍മകളുമായി അനു സിത്താര

ലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒന്നാണ് 2018 ലെ മഹാപ്രളയം. ഇന്നും അതിന്റെ ആഘാതം മലയാളി മറന്നിട്ടുണ്ടാകില്ല. തൊട്ടടുത്ത വര്‍ഷവും കേരളം പ്രളയത്തെ നേരിട്ടു. പരസ്പരം കരുത്തും താങ്ങുമൊക്കെയായി മാറിയാണ് മലയാളി പ്രളയത്തെ അതിജീവിച്ചത്. എല്ലാ മലയാളികള്‍ക്കും പ്രളയവുമായി ബന്ധപ്പെട്ട കഥകള്‍ വരും തലമുറയോട് പറയാനുണ്ടാകും.

ഇപ്പോഴിതാ മഹാപ്രളയത്തില്‍ താനും നിമിഷ സജയനും പെട്ടു പോയ കഥ പങ്കുവെക്കുകയാണ് നടി അനു സിത്താര. ഫ്ളവേഴ്സ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അനു സിത്താര മനസ് തുറന്നത്. അനുവിന്‍െ്‌റ വാക്കുകള്‍ ഇങ്ങനെ:

Signature-ad

”എറണാകുളത്ത് അങ്കമാലിയില്‍ പെട്ടു. ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം നിമിഷ സജയനും പെട്ടു. അന്നൊരു അവാര്‍ഡ് ഷോയുണ്ടായിരുന്നു. എനിക്ക് ഡാന്‍സ് പെര്‍ഫോമന്‍സും നിമിഷയ്ക്ക് അവാര്‍ഡും ഉണ്ടായിരുന്നു. നിമിഷ എന്റെ അടുത്ത സുഹൃത്താണ്. ഇത് കഴിഞ്ഞ് ഞാന്‍ പിറ്റേന്ന് കോഴിക്കോട് പോവുകയാണ് ഒരു പ്രോഗ്രാമുണ്ട്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ.

അതിനാല്‍ നിമിഷയോട് എന്തായാലും വന്നില്ലേ, ഇന്നിവിടെ എന്റെ കൂടെ നില്‍ക്കൂ. നമുക്ക് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കാമെന്ന്. നിനക്ക് നാളെ പോകാമെന്ന് പറഞ്ഞു. അപ്പോഴും നല്ല മഴ പെയ്യുന്നുണ്ട്. പക്ഷെ വെള്ളം കയറുമെന്നൊന്നും നമ്മളുടെ മനസില്‍ ഇല്ലല്ലോ. നിമിഷയും അമ്മയുമുണ്ട്. പിന്നെ ഞാനും വിഷ്ണുവേട്ടനും. ഞാന്‍ കുറേ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ നില്‍ക്കാന്‍ സമ്മതിച്ചു.

പിറ്റേന്ന് ഞാനും നിമിഷയും എഴുന്നേല്‍ക്കുമ്പോള്‍ മമ്മിയും വിഷ്ണുവേട്ടനുമൊക്കെ എന്തൊക്കയോ ബഹളമുണ്ടാക്കുന്നുണ്ട്. ഞങ്ങളോട് വേഗം റെഡിയായിട്ട് വരാന്‍ പറഞ്ഞു. എന്താണ് നടക്കുന്നതെന്നൊന്നും ഞങ്ങള്‍ക്ക് മനസിലായി. പല്ലൊക്കെ തേക്കാന്‍ വേണ്ടി ഞങ്ങള്‍ പോയി. പൈപ്പിലൊക്കെ വെള്ളം നൂല് പോലെയാണ് വരുന്നത്. ബോട്ടില് വാട്ടര്‍ വച്ചാണ് പല്ലുതേക്കുന്നത്.

അപ്പോഴാണ് വിഷ്ണുവേട്ടനും മമ്മിയും പറയുന്നത് വണ്ടി പകുതി വെള്ളത്തിലാണെന്ന്. ഞങ്ങള്‍ ജനല്‍ തുറന്ന് നോക്കുമ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് ചുറ്റും വെള്ളമാണ്. താഴേക്ക് നോക്കിയപ്പോള്‍ വെള്ളം കയറി കൊണ്ടിരിക്കുന്നു. റോഡില്‍ നിന്നും കുറച്ച് ഉയരത്തിലാണ് എന്നിട്ടും അകത്തേക്ക് വെള്ളം കയറുകയാണ്. പെട്ടു എന്ന് മനസിലായി. നിമിഷ തലേന്ന് അവാര്‍ഡിനുള്ള ഡ്രസ് മാത്രമിട്ടാണ് വന്നത്. അതിനാല്‍ എന്റെ ഡ്രസാണ് ഇട്ടിരുന്നത്. അതാണെങ്കില്‍ അവള്‍ക്ക് ലൂസും.

ആളുകളൊക്കെ കൂടിയിട്ടുണ്ട്. ഞാനും നിമിഷും ബാഗൊക്കെയെടുത്ത് എങ്ങനെയൊക്കയോ പുറത്തിറങ്ങി. വിഷ്ണുവേട്ടന്‍ വണ്ടിയെടുത്ത് വെളളത്തില്‍ നിന്നും മാറ്റി വച്ചു. ഭാഗ്യത്തിന് വണ്ടി സ്റ്റാര്‍ട്ടായി. കുറച്ചുകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ സ്റ്റാര്‍ട്ടാകില്ലായിരുന്നു. വെള്ളത്തിന്റെ തള്ള് നന്നായിട്ടുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പേടിയാകുന്നുണ്ട്. ആളുകളെ വിളിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ. കൈയ്യില്‍ ഭക്ഷണമില്ല. ഒന്നോ രണ്ടോ വസ്ത്രമേയുള്ളൂ. ഉണ്ടായിരുന്ന ഹോട്ടലിലും വെള്ളം കയറി.

ബോയ്സിന്റെ ഡ്രസിന്റെ കടയില്‍ നിന്നും നിമിഷ അവള്‍ക്കുള്ള ഡ്രസ് വാങ്ങി. വിഷ്ണുവേട്ടന്‍ ബ്രഡും ജാമുമൊക്കെ വാങ്ങി. എവിടെ പോകുമെന്ന് ആലോചിച്ചപ്പോഴാണ് പ്രോഗാം നടന്ന ഹോട്ടല്‍ ഓര്‍മ്മ വന്നത്. അത് കുറച്ച് ഉയരത്തിലാണ്. അവിടെ പോയി കെഞ്ചി റൂമൊക്കെ വാങ്ങി. മൂന്ന് ദിവസം അവിടെയായിരുന്നു. ബ്രഡും ജാമും തന്നെയായിരുന്നു ഭക്ഷണം. പിന്നെ ഹെലികോപ്ടറില്‍ ഭക്ഷണം കൊണ്ടു തരും. അമ്മയും വിഷ്ണുവേട്ടനുമാണ് പോയി കൊണ്ടു വന്നിരുന്നത്.

മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്ത് കടക്കുന്നത്. ആദ്യം ഒരു ജീപ്പില്‍ ആയിരുന്നു. പിന്നെ ഒരു വാനില്‍. അതില്‍ കൊച്ചി മെട്രോയിലെത്തി. അന്നൊന്നും ആര്‍ക്കും ആരേയും ശ്രദ്ധിക്കണ്ട. എങ്ങനെയൊക്കയോ വീടെത്തി. വീട്ടിലെത്തി കുറച്ച് കഞ്ഞി വച്ച് കുടിച്ചപ്പോഴാണ് ആശ്വാസമായത്.”

 

 

 

Back to top button
error: