NEWSWorld

മുൻ പ്രസിഡന്‍റിനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ പ്രക്ഷോഭം: പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി; 12 മരണം

ലിമ: പെറുവിൽ മുൻ പ്രസിഡന്‍റ് പെട്ര്യോ കാസ്റ്റിനോയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ 12 മരണം. തിങ്കളാഴ്ച സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയിൽ ഉണ്ടായ സംഘർഷത്തിൽ 34ഓളം പേർക്ക് പരിക്കേറ്റു. ഡിസംബറില്‍ നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും. ഇതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

വിചാരണയ്ക്ക് മുന്‍പായുള്ള പതിനെട്ട് മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്റ്റിനോയുള്ളത്. കലാപക്കുറ്റമാണ് കാസ്റ്റിനോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് കാസ്റ്റിനോ നിഷേധിച്ചിട്ടുണ്ട്. പെറുവിന്‍റെ തെക്കന്‍ മേഖലയായ പൂണോയിലെ ടിടികാക്ക തടാകത്തിന് സമീപമാണ് തിങ്കളാഴ്ച പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതോടെ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. വെടിയൊച്ചകളും പുകയും പ്രദേശമാകെ നിറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ സംഭവത്തേക്കുറിച്ച് വിവരിക്കുന്നത്.

Signature-ad

ക്രിസ്തുമസ് പുതുവത്സര സമയത്ത് പ്രതിഷേധത്തിന് ഇടവേള വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രതിഷേധം വീണ്ടും ആരംഭിച്ചത്. പുതിയ പ്രസിഡന്‍റ് ഡയാന ബോലുവാര്‍ട്ടേയുടെ രാജി ആവശ്യപ്പെട്ടാണ് നിലവിലെ പ്രതിഷേധം. കോണ്‍ഗ്രസ് പിരിച്ച് വിട്ട് ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തില്‍ പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും അനുവദിക്കാന്‍ പറ്റില്ലെന്ന് ഡയാന ബോലുവാര്‍ട്ടേ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്.

Back to top button
error: