കോട്ടയം: പ്രീപ്രൈമറി സ്കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. കുടവെച്ചൂർ ജി.ഡി.വി.എച്ച്.എസ്.എസ്, കീഴൂർ ജി.എൽ.പി.എസ്, ജി.എൽ.പി.എസ് പേരൂർ എന്നീ സ്കൂളുകൾക്ക് 15 ലക്ഷം രൂപ വീതവും മറ്റു സ്കൂളുകൾക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
പ്രീസ്കൂൾ തീം അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയപഠനമാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ എണ്ണം, പ്രാദേശിക പ്രാധാന്യം എന്നിവ അടിസ്ഥാനമാക്കിയാണ് സ്കൂളുകൾ തിരഞ്ഞെടുക്കുന്നത്. കുടവെച്ചൂർ ഗവൺമെന്റ് ഡി.വി.എച്ച്.എസ്, കീഴൂർ ഗവൺമെന്റ് എൽ.പി.എസ്, കുമ്മനം ഗവൺമെന്റ് യു.പി.എസ്, ബ്രഹ്മമംഗലം ഗവൺമെന്റ് യു.പി.എസ് എന്നിവിടങ്ങളിലെ നിർമാണം പൂർത്തിയായി.
മാതൃകാ പ്രീപ്രൈമറി സ്കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിന്റെ സ്ഥലവിസ്തൃതിയ്ക്കനുസരിച്ച് ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും കുട്ടികളുടെ പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയമായ രീതിയിൽ ശാരീരിക മാനസിക വളർച്ച ഉറപ്പാക്കുകയുമാണ് സമഗ്ര ശിക്ഷാ കേരളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ് പറഞ്ഞു.