മുംബൈ: വായ്പത്തട്ടിപ്പ് കേസിലെ അറസ്റ്റ് നിയമവിരുദ്ധമെന്ന വാദം ബോംബെ ഹൈക്കോടതി അംഗീകരിച്ചു, ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കു ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാനെയും സിബിഐ അറസ്റ്റ് ചെയ്തത്.
2012 ൽ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ ലോൺ അനുവദിച്ചതിൽ ചന്ദ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. ഇടപാടിൽ നിന്ന് ഭർത്താവ് ദീപക് കൊച്ചാറും കുടുംബാംഗങ്ങളും നേട്ടമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യം വിഡിയോണിനു നൽകിയ 40,000 കോടി രൂപയുടെ ഭാഗമായിരുന്നു ഈ വായ്പയും. ആരോപണത്തെത്തുടർന്ന് 2018 ഒക്ടോബറിൽ ബാങ്ക് സിഇഒ സ്ഥാനം ചന്ദ രാജിവച്ചിരുന്നു. പിന്നീട് ബാങ്ക് അതിനെ പുറത്താക്കലായി പുനർനിർവചിച്ചു.