കൊച്ചി∙ നഗരത്തിൽ കാസർകോട് സ്വദേശിനിയായ മോഡൽ കാറിൽ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതിയും മോഡലുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബയ്ക്ക് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതു വരെ ജില്ല വിട്ടു പോകരുതെന്നും വിചാരണ പൂർത്തിയാകും വരെ കേരളം വിട്ടു പോകരുതെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.അറസ്റ്റിലായി 53 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായിരുന്നു ഡിംപിൾ.
മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാരയാണ് ഇവർ എന്നാണ് പൊലീസ് റിപ്പോർട്ട്. ഡോളിയെന്നറിയപ്പെട്ടിരുന്ന ഇവർ കൊച്ചിയിൽ നിരവധി തവണ വരികയും ഫാഷൻ ഷോകളിലും പാർട്ടികളിലേക്കും മോഡലുകളെ വിതരണം ചെയ്യുന്നതും ഇവരാണെന്നും പറയുന്നു. കേസിലെ പ്രതി തൃശൂർ സ്വദേശി വിവേകുമായി ഇവർ പലസ്ഥലങ്ങളിൽ പോയതിന്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
നവംബർ 17നാണ് കേസിനാസ്പദമായ സംഭവം. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാത്സംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി. പീഡനത്തെ കുറിച്ച് പൂർണ്ണ വിവരം ഡിംപിളിന് ഉണ്ടായിരുന്നു. ക്രൂരവും മൃഗീയവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തെതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണസംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ജില്ല വിട്ട് പുറത്ത് പോകുവാൻ പാടില്ലായെന്ന കർശന നിർദേശം ഉണ്ട്. വിചാരണ പൂർത്തിയാകുന്നത് വരെ സംസ്ഥാനം വിട്ട് പുറത്ത് പോകാൻ പാടില്ലായെന്ന് ജാമ്യ വ്യവസ്ഥയിൽ പറയുന്നു.