ലാത്തൂര്‍: രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു സംഭവം.
യുവതി കാസര് ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു.
അതിനിടെ, ഉത്തർപ്രദേശിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നാല് മാസം പ്രായമായ മകനെ ബലി നൽകിയ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്തർപ്രദേശിലെ ധനുദിഹ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഒമ്പതോടെ മഞ്ജു എന്ന യുവതി നാലുമാസം പ്രായമായ മകനെ കൈക്കോട്ടുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഗോസായിഗഞ്ച് പൊലീസ് സ്റ്റേഷൻ എസ്.എച്ച് രാഗവേന്ദ്ര പ്രസാദ് റാവത്ത് പറഞ്ഞു. അസുഖത്തിൽനിന്ന് മോചനം ലഭിക്കാൻ മകനെ ബലി നൽകുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.