കാസർകോട്: ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അണുബാധയെതുടർന്നു ഹൃദയസ്തംഭനം, കരളിന്റെ പ്രവർത്തനവും തകരാറിലായെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്കും ആദ്യദിവസം സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.