കോഴിക്കോട്: മിസോറാമിനെയും തുരത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന് ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റുണ്ട്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ആറാം മിനിറ്റില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റില്‍ കേരളത്തിന്റെ ഉഗ്രന്‍ ഷോട്ട് മിസോറാം ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 27-ാം മിനിറ്റില്‍ കേരളത്തിന്റെ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ കേരളം മിസോറമിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. ഗോള്‍ നേടിയ ശേഷം ആക്രമണം ശക്തിപ്പെടുത്തിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് പാഴാക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍ താരം നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി വലകുലുക്കിയത്. 65-ാം മിനിറ്റില്‍ വീണ്ടും ടീം ഗോളടിച്ചു. ഇത്തവണ നരേഷാണ് ലക്ഷ്യം കണ്ടത്. പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. എന്നാല്‍, 80-ാം മിനിറ്റില്‍ മിസോറം ഒരു ഗോള്‍ തിരിച്ചടിച്ചു. മല്‍സംഫെലയാണ് ടീമിനായി വലകുലുക്കിയത്. ഒരു ഗോള്‍ നേടിയതിന്റെ ആഘോഷം മിസോറം ക്യാമ്പില്‍ അവസാനിക്കും മുന്‍പ് കേരളം വീണ്ടും ഗോളടിച്ചു. ഇത്തവണ വിശാഖാണ് കേരളത്തിനായി വലകുലുക്കിയത്.