പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പള്ളി റോസ് ഡെയ്ൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്ക്. ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത ബിരിയാണി ക ഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം.
അതേസമയം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തി. ജില്ലയിൽ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യൽ സ്ക്വാർഡിന്റെ പരിശോധന നടന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് പേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.