KeralaNEWS

കാര്‍ഷിക കടാശ്വാസത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂൺ 30

തിരുവനന്തപുരം: സംസ്ഥാനത്തു കാര്‍ഷിക കടാശ്വാസത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂൺ 30. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 31.08.2020 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 31.03.2016 വരെയും സഹകരണ ബാങ്കില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ സ്വീകരിക്കുന്നതിന് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കര്‍ഷക കടാശ്വാസത്തിനുള്ള അപേക്ഷകള്‍ സി ഫോമില്‍ പൂരിപ്പിച്ച് രേഖകള്‍ സഹിതം കര്‍ഷക കടാശ്വാസ കമ്മീഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. റേഷന്‍ കാര്‍ഡിന്റ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസല്‍, അപേക്ഷകന്‍ കര്‍ഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസല്‍) അല്ലെങ്കില്‍ കര്‍ഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് / ഐ.ഡി. പകര്‍പ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ്, വായ്പ നിലനില്‍ക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ അപേക്ഷയൊടൊപ്പം നല്‍കണം. (ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അപേക്ഷയില്‍ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തണം). കര്‍ഷക കടാശ്വാസം കമ്മീഷനിലൂടെ മുമ്പ് കാര്‍ഷിക കടാശ്വാസം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Back to top button
error: