വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സുരക്ഷാ അപ്ഡേറ്റുകളും സാങ്കേതിക പിന്തുണയും ജനുവരി 10 ന് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം. ഈ ഉപകരണങ്ങളിൽ ബ്രൗസർ തുടർന്നും പ്രവർത്തിക്കുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളോ പുതിയ ഫീച്ചറുകളോ നൽകില്ല. വെബ് അധിഷ്ഠിത ഉള്ളടക്കം അവരുടെ ആപ്പുകളിൽ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ടൂളായ WebView2 നുള്ള പിന്തുണയും ജനുവരി 10 ന് നിർത്തലാക്കും. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവ ഉപേക്ഷിക്കുന്ന പ്രധാന ബ്രൗസർ എഡ്ജ് മാത്രമല്ല ഗൂഗിൾ ക്രോമും ഫെബ്രുവരി 7 ന് ഈ ഒഎസുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിൻഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവർ 2021 ലെ കണക്കുകൾ പ്രകാരം ഏകദേശം 10 കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവേ പ്രകാരം 2.7 കോടി സിസ്റ്റങ്ങളിൽ വിൻഡോസ് എക്സ്പി, 7 അല്ലെങ്കിൽ 8 എന്നിവയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.
വിചിത്രമാണ് മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ചരിത്രം. ചില പതിപ്പുകളെ ഉപയോക്താക്കൾ സ്നേഹം കൊണ്ടു പൊതിയും ചിലതിനെ വെറുപ്പുകൊണ്ടും. വിൻഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേർഷനുകളിൽ ഒന്നായിരുന്നു വിൻഡോസ് 7. ഈ വേർഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേർഷനായ വിൻഡോസ് 11ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്. ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു വിൻഡോസ് XP. അതീവ ലളിതവും വേണ്ടത്ര വേഗമുള്ളതുമായ ഈ ഒഎസിനെ വിട്ട്, പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ വിൻഡോസ് വിസ്റ്റ എന്നൊരു വേർഷനുമായി എത്തി. ഏറ്റവും വെറുക്കപ്പെട്ട വിൻഡോസ് വേർഷനുകളിലൊന്നായിരുന്നു വിസ്റ്റ. പുതിയ വേർഷനിലേക്ക് അപ്ഡേറ്റു ചെയ്തവരിൽ മിക്കവരും തിരിച്ച് എക്സിപിയിലേക്കു പോയി. പിന്നീട് ഇതിന്റെ ക്ഷീണം തീർക്കാൻ ഇറക്കിയ വേർഷനായിരുന്നു വിൻഡോസ് 7. എക്സ്പിയുടെയത്ര ഉപയോഗ സുഖവും ലാളിത്യവും തോന്നിയില്ലെങ്കിലും ഉപയോക്താക്കൾ വിൻഡോസ് 7ൽ എത്തി തമ്പടിച്ചു.
പിന്നീട് വിസ്റ്റ പോലെ മറ്റൊരു ദുരന്തമായി വിൻഡോസ് 8 അവതരിച്ചു. ഇതിലേക്ക് അപ്ഗ്രേഡു ചെയ്തവരിൽ മിക്കവരും അതിലും വേഗത്തിൽ 7 ലേക്ക് തിരിച്ചു പോന്നു. അതിനുശേഷം വീണ്ടും വളരെ ശ്രദ്ധകൊടുത്തിറക്കിയ വേർഷനാണ് വിൻഡോസ് 10. വിൻഡോസ് 8 നെക്കാൾ ഭേദമാണെങ്കിലും വിൻഡോസ് 7ന്റെ ലാളിത്യം പുതിയ വേർഷനില്ല എന്നതിനാൽ ഉപയോക്താക്കൾ 10ലേക്ക് അപ്ഗ്രേഡു ചെയ്യാൻ വിസമ്മതിച്ചു. വിൻഡോസ് 10ൽ ഓടുന്ന പ്രധാന പ്രോഗ്രാമുകളെല്ലാം തന്നെ വിൻഡോസ് 7ലും ഓടും, സ്ഥിരതയുമുണ്ട്. പിന്നെന്തിന് വലിച്ചുവാരിയിട്ടതു പോലെയുള്ള ഇന്റർഫെയ്സുള്ള വിൻഡോസ് 10ലേക്ക് പോകണമെന്ന് പല ഉപയോക്താക്കളും ചോദിച്ചു.
വിൻഡോസ് 10ലേക്ക് ഫ്രീ ആയി അപ്ഗ്രേഡു ചെയ്തോളൂവെന്നു മൈക്രോസോഫ്റ്റ് പറഞ്ഞിട്ടും ആളുകൾ വിൻഡോസ് 7നെ മുറുകെപ്പിടിച്ചു നിന്നു. വിൻഡോസ് 7നുള്ള പിന്തുണ പിൻവലിക്കുമ്പോൾ പുതിയ വേർഷനായ വിൻഡോസ് 11ൽ കൂടുതൽ ഉപയോക്താക്കളെ കിട്ടുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. എന്നാൽ, വിൻഡോസ് 7ന്റെ പിന്തുണ പിൻവലിക്കലിൽ അസ്വാഭാവികമായി ഒന്നുമില്ല. ഓരോ പുതിയ വേർഷൻ വിൻഡോസിനും ഒരു നിശ്ചിത കാലാവധിയുണ്ട്. അതിനുശേഷം പിന്തുണ പിൻവലിക്കും. വിൻഡോസ് 7ൽ ഇപ്പോൾ സുരക്ഷാ ആപ്ഡേറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിക്കുന്നത്.
വിൻഡോസിന്റെ ചരിത്രം ടെക്നോളജി പ്രേമികൾക്ക് നല്ല ഒരു പാഠമാണ്. പുറമെയുള്ള പുതുക്കലുകൾ വലിയ മേന്മകളൊന്നും കൊണ്ടുവരുന്നില്ല. ഇന്റർഫെയ്സിലും മറ്റുമുള്ള മാറ്റങ്ങളെയുള്ളൂ. സ്മാർട് ഫോൺ പ്രേമികളും കഴിഞ്ഞ വർഷങ്ങളിൽ ഇതു മനസ്സിലാക്കിയതിന്റെ ആഘാതം ആപ്പിളടക്കമുള്ള കമ്പനികൾക്ക് ഏറ്റു കഴിഞ്ഞു. പലർക്കും ആവശ്യമുള്ള ഫീച്ചറുകളല്ല ഇപ്പോൾ സ്മാർട് ഫോണുകളിലും എത്തുന്നത്. അതുപോലെ, വർണാഭമായ വിൻഡോസ് 11 പ്രായോഗികതയ്ക്ക് ഊന്നൽ നൽകുന്നവരെ ആകർഷിച്ചില്ല.
എന്നാൽ ഒറിജിനൽ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നവരാണെങ്കിൽ അപ്ഗ്രേഡു ചെയ്യാതെ തരവുമില്ല. കേരളത്തിൽ ഇപ്പോഴും പൈറേറ്റഡ് വിൻഡോസ് കൃഷി നിർലോഭം നടക്കുന്നുണ്ട്. പലരും വിൻഡോസ് കാശുകൊടുത്തു വാങ്ങാതെ പകരം പൈറേറ്റഡ് വേർഷനിൽ ഒരു ആന്റിവൈറസും ഇട്ടു പ്രവർത്തിപ്പിക്കുന്ന രീതി കാണാം. സെക്യുരിറ്റി അപ്ഡേറ്റ് പിൻവലിച്ചാലും സ്വകാര്യ വ്യക്തികൾ പൈറേറ്റഡ് വിൻഡോസ് ഉപയോഗം തുടർന്നേക്കാം. എന്നാൽ കമ്പനികൾക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.