IndiaNEWS

റെയിൽവേ ഭൂമിയിലെ നാലായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ നീക്കം; ഉത്തരാഖണ്ഡിൽ വൻ പ്രതിഷേധം, ഹർജി സുപ്രീം കോടതിയിൽ 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ റെയിൽവേ ഭൂമിയിലെ നാലായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ നീക്കം; ഇതിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം ഹല്‍ദ്വാനിയിൽ പതിനായിരക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ഇതിനെതിരെ ഹൽദ്വാനി ബാന്‍ബൂല്‍പുര പ്രദേശത്തെ താമസക്കാര്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രക്ഷോഭത്തിലാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ ഒഴിയാന്‍ നോട്ടീസ് ലഭിച്ചതോടെയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.

അതിനിടെ സ്ഥലം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ, കോണ്‍ഗ്രസ് നേതാവും ഹല്‍ദ്വാനി എംഎല്‍എയുമായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആണ് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഇക്കാര്യം മെന്‍ഷന്‍ ചെയ്തത്. തുടര്‍ന്നാണ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചത്. 4365 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

Signature-ad

ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന താമസിക്കുന്ന നാലായിരത്തോളം വീട്ടുകാര്‍ക്കാണ് വീടൊഴിഞ്ഞു പോകാന്‍ നോട്ടീസ് ലഭിച്ചത്. പ്രദേശം റെയില്‍വേയുടെ ഭൂമി ആയതിനാല്‍ വീട് ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം. റെയില്‍വേ നല്‍കിയ ഹര്‍ജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി, ഒരാഴ്ചത്തെ നോട്ടീസ് നല്‍കി കുടിയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രദേശത്തെ നാലായിരത്തോളം താമസക്കാരില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. വീടൊഴിഞ്ഞുപോയാല്‍ എവിടെ താമസിക്കും, കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി എന്നിവയെല്ലാം പ്രതിസന്ധിയിലാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. വീട്ടുകാര്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ പ്രധാനമന്ത്രി, കേന്ദ്ര റെയില്‍വേ മന്ത്രി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്നിവര്‍ ഇടപെടണമെന്നും, പ്രദേശവാസികളുടെ പ്രശ്‌നത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ക്വാസി നിസാമുദ്ദീന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 70 വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നവരാണ് ഇവര്‍. ഇവിടെ പള്ളി, ക്ഷേത്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവയുണ്ട്. പെട്ടെന്ന് അവയെല്ലാം ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Back to top button
error: