തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്ന് വ്യാപകമായി എത്തുന്നത് ചെന്നൈയിൽ നിന്നെന്നു റിപ്പോർട്ട്. രാജ്യത്ത് കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണെന്നും ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന വാതിലാണ് ചെന്നൈ എന്ന് അന്വേഷണ ഏജൻസികളും ശരിവയ്ക്കുന്നു. കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് ആകാശം വഴിയും കടല്‍ വഴിയും തമിഴ്‌നാട് തീരത്തെത്തുന്നത്.
ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. രണ്ട് മാസം മുമ്പ് അംഗോളയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 12 കിലോഗ്രാം കൊക്കൈനായിരുന്നു. നിര്‍ജീവമായ എല്‍.ടി.ടി.ഇ. ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ തമിഴ്പശ്ചാത്തലമുള്ള ചിലര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട് തീരം വഴി മയക്കുമരുന്നൊഴുക്കാന്‍ പുതിയ ചാനല്‍ തുറന്നുവെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുമുണ്ട്. തമിഴ്‌നാട് തീരത്ത് പലവഴിയെത്തുന്ന മയക്കുമരുന്ന് ശേഖരത്തില്‍ വലിയൊരു പങ്ക് കേരളത്തിലും എത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ എംഡിഎംഎ. വേട്ടകളില്‍ പൊതുവായുള്ളത് ചെന്നൈ ബന്ധമാണ്. ചോദ്യംചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചാലും അവിടെ നിന്നു കൂട്ടിച്ചേര്‍ക്കലിനു കഴിയുന്നില്ല. എം.ഡി.എം.എ. മെത്താംഫെറ്റാമൈന്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ ഒരാള്‍ അടുത്തിടെ ചെന്നൈയില്‍ അറസ്റ്റിലായപ്പോഴും കേരളാ ബന്ധം വെളിവായിരുന്നു. എന്നാല്‍ സംയുക്ത അന്വേഷണത്തിനു നീക്കമുണ്ടായില്ല. കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസ് സര്‍വീസുകാര്‍ വഴിയും അനധികൃതമായി നടത്തുന്ന പാഴ്‌സല്‍ സര്‍വീസിലൂടെയുമാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. ദിവസേന ആയിരക്കണക്കിന് പാഴ്‌സലുകളാണ് കൃത്യമായ ഉള്ളടക്ക പരിശോധനകളില്ലാതെ അനധികൃത സര്‍വീസുകളിലൂടെയും കൊറിയര്‍ വഴിയും അതിര്‍ത്തി കടക്കുന്നതെന്ന് എക്‌സൈസ്‌വകുപ്പ് തന്നെ സമ്മതിക്കുന്നു.