ചങ്ങനാശേരി: ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ ചേരിതിരിക്കാനുള്ള ചിലരുടെ നീക്കം അപലപനീയമാണന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 146-ാമത് മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ തിരുത്താനും അതിനെതിരേ പ്രതികരിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുള്ളതുപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. സമൂഹ നന്മ, സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ നിലപാടാണ് എന്‍.എസ്.എസ്. എന്നും സ്വീകരിച്ചിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസരംഗത്തിനും എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുമെതിരേ സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നീക്കത്തിനെതിരേ അതത് സമയത്ത് തന്നെ പ്രതികരിച്ചിട്ടുണ്ട്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍ കൂട്ടാക്കാതെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംവരണേതര വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസം മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇത് സാമൂഹിക നീതിയുടെ വിജയമാണ്. എന്‍ എസ്.എസ്. എക്കാലത്തും ഉയര്‍ത്തിയ നിലപാടിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, പന്തളം ശിവന് കുട്ടി, എന്‍.വി. അയ്യപ്പന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.